മേയര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ ശക്തികുളങ്ങരയില്‍ പുതിയ കേസ്

Advertisement

കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ ശക്തികുളങ്ങരയില്‍ പുതിയ കേസ്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ശക്തികുളങ്ങര സ്വദേശിയായ യുവാവില്‍ നിന്നും 1,11,500 രൂപ കൈപ്പറ്റിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയറെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്ത വേളയിലാണ് ഇയാള് നിലവില്‍ ഒളിവില്‍ ഇരിക്കവേ തന്നെ വിസ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതായി വെളിവായത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കവെയാണ് ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പൈസ കൈപ്പറ്റുന്നതായി മനസ്സിലായത്. തുടര്‍ന്ന് പോലീസ് പൈസ നല്‍കിയവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പൈസ നല്‍കിയവര്‍ക്ക് തട്ടിപ്പ് മനസ്സിലായത്.
പ്രതി 2016 മുതല്‍ 2023 വരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് വ്യത്യസ്ത വിലാസങ്ങളില്‍ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതി ആയ ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കൊല്ലം ആശ്രമം കാവടിപുറം ജങ്ഷനില്‍ ഇയാള് വാടകയ്ക്ക് മൂന്ന് വര്‍ഷം മുന്‍പ് താമസിച്ചിരുന്നു. ആ സമയം പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മേയറെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും നല്‍കി.

Advertisement