കൊല്ലം ബാർ അസോസിയേഷൻ ആരംഭിച്ച തുടർ നിയമ പഠന കേന്ദ്രമായ ജസ്റ്റിസ് ഫാത്തിമ ബീവി അക്കാഡമി ഇന്ന് കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് എൻ.വി.രാജു ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം കൊല്ലത്തെ എല്ലാ വനിതാ ജൂഡീഷ്യൽ ഓഫീസർമാരുടെയും സാന്നിധ്യത്തിൽ ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ഛായാ ചിത്രം ബാർ അസോസിയേഷൻ ഹാളിൽ അനാച്ഛാദനം ചെയ്തു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ് കൊല്ലം ബാറിൽ നിന്നാണ് എന്നത് കൊല്ലത്തെ അഭിഭാഷകർക്ക് എക്കാലവും പ്രചോദനമായിരിക്കുമെന്ന് കൊല്ലം ജില്ലാ ജഡ്ജ് പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ ഓച്ചിറ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അഡ്വ എ.കെ.മനോജ് സ്വാഗതം പറഞ്ഞു. കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് പ്രസന്ന ഗോപൻ, ജില്ലാ സർക്കാർ വക്കീൽ അഡ്വ വിളയിൽ രാജീവ്, ബാർ കൗൺസിൽ അംഗം അഡ്വ പി.സജീവ് ബാബു എന്നിവർ പ്രസംഗിച്ചു. അഡ്വ കൊട്ടിയം ജയൻ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അഭിഭാഷകരുടെയും ക്ലർക്കുമാരുടെയും മക്കൾക്ക് ബാർ അസോസിയേഷൻ മെമൻ്റോകൾ നൽകി അനുമോദിച്ചു.