ഇടത് കോട്ടയിൽ നിന്നും ഉദിച്ചുയർന്ന ആദർശ രാഷ്ട്രീയത്തിന്റെ ദിപസ്തംഭം

579
Advertisement

ശാസ്താംകോട്ട (കൊല്ലം):അഴിമതിയുടെ കറ ലവലേശം പുരളാത്ത ആദർശ രാഷ്ട്രീയത്തിന്റെ ദിപസ്തംഭമായിരുന്നു  അന്തരിച്ച തെന്നല ബാലകൃഷ്ണ പിള്ള (95).എതിരാളികൾ പോലും ആദരവോടെ കണ്ടിരുന്ന വ്യക്തിത്വം.കോൺഗ്രസിൽ തർക്കങ്ങൾ ഉടലെടുക്കുമ്പോൾ അത് പരിഹരിക്കാൻ എക്കാലത്തും മുന്നിലുണ്ടായിരുന്ന കാരണവർ കൂടിയായിരുന്നു തെന്നല.അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ കോൺഗ്രസിലെ ഇളംതലമുറ പോലും നിറമനസ്സോടെയാണ് സ്വീകരിച്ചിരുന്നത്.കോൺഗ്രസ് തറവാടിന് വിപ്ലവങ്ങളുടെ നാടായ കൊല്ലം ശൂരനാട് സമ്മാനിച്ച അതികായനായിരുന്നു തെന്നല.1931 മാർച്ച് 11ന് കുന്നത്തൂർ താലൂക്കിലെ ശൂരനാട് വടക്ക് തെന്നല വീട്ടിൽ എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിഅമ്മയുടേയും പുത്രനായി ജനനം.തിരുവനന്തപുരം എം.ജി കോളജിൽ നിന്ന് ബി.എസ്.എസിൽ ബിരുദം നേടി.ഇടത് കോട്ടയായിരുന്ന ശൂരനാട്ട് കോൺഗ്രസ് പുലിക്കുളം വാർഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.പിന്നീട് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്,കുന്നത്തൂർ ബ്ളോക്ക് കമ്മറ്റി പ്രസിഡൻ്റ്, കൊല്ലും ഡിസിസി ട്രഷറർ,1972 മുതൽ 5 വർഷത്തോളം കൊല്ലം ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു.ദീർഘകാലം കെപിസിസി സെക്രട്ടറിയായിരുന്നു.1998ലും 2004ലും കെപിസിസി അധ്യക്ഷനുമായി.ഒരിക്കൽ പോലും മത്സരത്തിലൂടെ ആയിരുന്നില്ല അദ്ദേഹം പാർട്ടി പദവികളിൽ എത്തിയിരുന്നത്.1998 ൽ പദവി ഒഴിഞ്ഞ വയലാർ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി അധ്യക്ഷ പദവിയിലെത്തിയത്.2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് വൻവിജയം നേടിയത് തെന്നലയെ കൂടുതൽ കരുത്തനാക്കി.വിജയാഘോഷം അവസാനിക്കും മുൻപേ ഇതേ വർഷം തന്നെ കെ.മുരളീധരനു വേണ്ടി സ്ഥാനമൊഴിയേണ്ടി വന്നെങ്കിലും അദ്ദേഹം ആരോടും പരിഭവപ്പെട്ടില്ല.2004ൽ വീണ്ടും കെപിസിസി പ്രസിഡൻ് പദവിയിൽ എത്തിയെങ്കിലും പിറ്റേ വർഷം രമേശ് ചെന്നിത്തലയ്ക്കുവേണ്ടി സ്ഥാനമൊഴിയേണ്ടി വന്നു.5 തവണ അടൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും രണ്ട് തവണയാണ് വിജയ കീരിടം ചൂടിയത്.1977ലും 1982ലും അടൂരിൻ്റെ നാവായി  നിയമസഭയിലെത്തി.1991ലും 1992-ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച സഹകാരിയും സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകൾക്കതീതനായ കോൺഗ്രസുകാരനായാണ് സ്വയം അടയാളപ്പെടുത്തിയത്.സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചു.തെന്നലയുടെ നവതി ആഘോഷം ഉത്സ പ്രതീതിയിലാണ് ജന്മനാടായ ശൂരനാട്ട് ആഘോഷിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.കുന്നത്തൂർ താലൂക്കിൽ നിന്നും  കരുത്തുറ്റ നിരവധി നേതാക്കളെ
കോൺഗ്രസിന് സമ്മാനിക്കാനും തെന്നലയ്ക്ക് കഴിഞ്ഞു.

Advertisement