പത്തനാപുരം: കാറ്റിലും മഴയിലും റബ്ബര്‍ മരത്തിന്റെ ശിഖിരം ഒടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പട്ടാഴി മൈലാടുംപാറ ടര്‍ക്കി ജംഗ്ഷനില്‍ പാലമൂട്ടില്‍ വീട്ടില്‍ ബൈജുവര്‍ഗ്ഗീസ്(55) എന്ന സാബുവാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ബൈജുവിന്റെ പുരയടത്തിലെ റബ്ബര്‍ മരത്തിന്റെ ശിഖിരം ഒടിഞ്ഞ് മരത്തില്‍ തന്നെ തങ്ങിയിരുന്നു. ഇത് വെട്ടി മാറ്റാനായാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഗൃഹനാഥന്‍ പുരയടത്തില്‍ പോയത്. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞിട്ടും തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരത്തിന്റെ ശിഖിരം ഒടിഞ്ഞ് ബൈജുവിന്റെ ശരീരത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.