കണ്ണനല്ലൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരണമടഞ്ഞ സംഭവം: സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അടിയന്തിരമായ സാമ്പത്തിക സഹായം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Advertisement

കൊല്ലം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കണ്ണനല്ലൂരിനടുത്ത് ചേരീക്കോണം കോളനിയില്‍ പട്ടിജജാതി വിഭാഗത്തില്‍പ്പെട്ട 17 ഉം 19 ഉം വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അടിയന്തിരമായ സാമ്പത്തിക സഹായം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ മാസം 23 നാണ് കുടുംബത്തിലെ 10 വയസ് മാത്രം പ്രായമുള്ള ഏറ്റവും ഇളയ കുട്ടിയെ മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനുജത്തിക്ക് കൂട്ടിരിക്കുവാന്‍ പോയ 19 വയസ്സുള്ള മീനാക്ഷിയും 17 വയസ്സുള്ള നീതുവുമാണ് മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഗുരുതരമായ രോഗം മറ്റുള്ളവരിലേക്കും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനുള്ള യാതൊരു മുന്‍കരുതലും ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്നില്ല എന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. ഗുരുതരമായ രോഗബാധയുള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കിയില്ല. തീവ്രപരിചരണം ആവശ്യമുണ്ടായിരുന്ന കുട്ടികള്‍ക്ക് കിടക്കുവാന്‍ കിടക്ക പോലും മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയില്ല എന്നത് അതീവ ഗൗരവമുള്ളതാണ്. തറയില്‍ കിടത്തി ചികിത്സിച്ച കുട്ടികള്‍ സ്വന്തം ചെലവില്‍ പുറത്തുപോയി പായ വാങ്ങി ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ട സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി ശരിയായ ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ രക്ഷിക്കാന്‍ കഴിയാവുന്ന രണ്ട് ജീവനുകളാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപ്പെട്ടതെന്ന മാതാപിതാക്കളുടെ സങ്കടം സര്‍ക്കാര്‍ കണക്കിലെടുക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശരിയായ ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ ഇളയകുട്ടിയെ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പട്ടികജാതിയില്‍പ്പെട്ട അതീവ ദരിദ്രരായ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരണപ്പെടുകയും മൂന്നാമത്തെ കുട്ടി ചികിത്സ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടിയുടെ ചികിത്സയുടെ പൂര്‍ണ്ണ ചെലവ് സര്‍ക്കാര്‍ വഹിക്കണം. കുട്ടികള്‍ മരിക്കാനിടയാക്കിയ ചികിത്സാ പിഴവിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് ധനസഹായം നല്‍കണമെന്നും കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചേരീക്കോണം കോളനിയെ പകര്‍ച്ചവ്യാധിയില്‍ നിന്നും മോചിപ്പിക്കുവാന്‍ ആരോഗ്യവകുപ്പ് സത്വരനടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

എം.പി യോടൊപ്പം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എല്‍.എം നിസാമുദ്ദീന്‍, ഫൈസല്‍ കുളപ്പാടം, ആര്‍.എസ്.പി നേതാക്കളായ ഷമീര്‍ അലിയാര്‍ കുട്ടി, ഡി.സി.സി അംഗം ജയചന്ദ്രന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീര്‍ എന്നിവരും മരണപ്പെട്ട കുട്ടികളുടെ വീട്ടിലെത്തി ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

Advertisement

1 COMMENT

Comments are closed.