കൊല്ലം: ബൈക്കിൽ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞു നിറുത്തി വെട്ടിപരിക്കേൽപ്പിച്ചു. കുരീപ്പുഴ സ്വദേശി കണ്ണൻ രാജേഷ്, സുഹൃത്ത് അനൂപ് എന്നിവർക്കാണു വെട്ടേറ്റത്.ഇന്നലെ വൈകിട്ട് 4.30 ഓടെ ശക്തികുളങ്ങര ക്ഷേത്രത്തിനു സമീപത്ത് റോഡരികിലായിരുന്നു സംഭവം. ബൈക്കിൽ വന്ന ഇരുവരെയും കാറിൽ പിന്നാലെ എത്തിയ സംഘം തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു. കണ്ണൻ രാജേഷിന്റെ ഇടത് ചെവിയുടെ മുകളിലും അനൂപിന്റെ വലത് തുടയിലുമാണു വെട്ടേറ്റത്.
ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കാറിൽ എത്തിയവരെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.