നിരപരാധികള്‍ക്ക് കസ്റ്റഡിയില്‍ അപമാനം; ചവറ എസ്എച്ച്ഒ നേരിട്ട് ഹാജരാകണം: മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: സ്വകാര്യ ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത കേസില്‍ നിരപരാധികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്ന പരാതിയില്‍ ചവറ എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ഉത്തരവിട്ടു.
ജൂണില്‍ കൊല്ലം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് ഉത്തരവ്. 2023 നവംബര്‍ 28 നാണ് സംഭവമുണ്ടായത്. നീണ്ടകര പുത്തന്‍തുറ സ്വദേശികളായ അനിരുദ്ധനെയും പ്രവീണിനെയുമാണ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതികാര്‍ക്ക് ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത കേസുമായി ബന്ധമുണ്ടായിരുന്നില്ല.
കുറ്റാരോപിതരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തേണ്ടത് വ്യക്തമായ അന്വേഷണത്തിന് ശേഷമാകണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അപമാനിച്ച ശേഷമാണ് ഈ കേസില്‍ സിസിറ്റിവി പോലും പോലീസ് പരിശോധിച്ചത്. പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പരാതിക്ക് ഇടയാക്കരുതെന്ന് ചവറ എസ്എച്ച്ഒക്ക് നിര്‍ദ്ദേശം നല്‍കിയതായി കരുനാഗപ്പള്ളി അസി. കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. ഇതില്‍ നിന്നും എസ്എച്ച്ഒ മാന്യമായ രീതിയിലല്ല പെരുമാറിയതെന്ന് വ്യക്തമാണെന്നും ഉത്തരവില്‍ പറഞ്ഞു. ഇത്തരം നടപടികള്‍ കമ്മീഷന്‍ ഗൗരവത്തോടെ കാണും.
സന്തോഷിന്റെ ഉടമസ്ഥത തയിലുള്ള മിനിബസ് പരിമണത്ത് പാര്‍ക്ക് ചെയ്തിരിക്കുമ്പോഴാണ് സംഭവമുണ്ടായത്. സിസിറ്റിവി. ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ബസുടമയായ സന്തോഷ് പണം നല്‍കാനുള്ള ജോയി എന്നയാളാണ് ചില്ല് എറിഞ്ഞു പൊട്ടിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില്ല് പൊട്ടിച്ചതിന്റെ നഷ്ടപരിഹാരമായി ജോയി 75000 രൂപ സന്തോഷിന് നല്‍കി പരാതി ഒത്തു തീര്‍പ്പാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരെ എസ്എച്ച്ഒ അപമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യം കമ്മീഷന്‍ അംഗീകരിച്ചില്ല.

Advertisement