കൊല്ലം / നിലമേൽ: സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്’ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം. ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് കൊല്ലത്തെ യുവത രംഗത്തിറങ്ങിയതോടെ പുരുഷ – വനിതാ വിഭാഗം മാരത്തോണും വാക്കത്തോണും തുടർന്ന് നടന്ന പൊതുസമ്മേളനവും ജനശ്രദ്ധ ആകർഷിച്ചു.
ചിതറയിൽ നിന്നാരംഭിച്ച പുരുഷൻമാരുടെ മാരത്തോൺ ദേശീയ ബോക്സിങ് താരം മിലാനോ.എം.ജെ ഫ്ളാഗ് ഓഫ് ചെയ്തു. ചിങ്ങേലിയിൽ നിന്നാരംഭിച്ച വനിതകളുടെ മാരത്തോണിന്റെ ഫ്ളാഗ് ഓഫ് ദേശീയ ഫുട്ബോൾ താരം കെ.അജയൻ നിർവ്വഹിച്ചു. രണ്ടു മാരത്തോണുകളും നിലമേൽ ജംഗ്ഷനിൽ സമാപിച്ചു. പ്രദേശത്തെ മുഴുവൻ കായികതാരങ്ങളും അണിനിരന്നത് മാരത്തോണിന് മാറ്റുകൂട്ടി. തുടർന്ന് കുരിയോട് നിന്നാരംഭിച്ച വാക്കത്തോൺ ജി.എസ്. ജയലാൽ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകളും കുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം ലഹരിക്കെതിരെ കായിക ലഹരി എന്നുറക്കെ പ്രഖ്യാപിച്ച് വാക്കത്തോണിൽ അണിനിരന്നു. തുടർന്ന് നിലമേൽ ഷാലിമാർ റസിഡൻസി അങ്കണത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷയായി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. ഗോപൻ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി, വൈസ് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ രഞ്ജു സുരേഷ്, എ. ശ്രീകുമാർ, ബോക്സിംഗ് താരം കെ.സി. ലേഖ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ്. ഏണസ്റ്റ്, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീന പറമ്പിൽ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ തുടങ്ങിയവർ പങ്കെടുത്തു. റഗ്ബി താരങ്ങളായ മയൂഖ.എം.ജെ, നിത വർഗീസ്, ലോങ് ജംപ് താരമായിരുന്ന രഘുനാഥ്, ദേശീയ ബോക്സിങ് താരം മിലാനോ.എം.ജെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാരത്തോൺ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.