ഓട്ടത്തിനിടെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാര്‍ തലകീഴായി മറിഞ്ഞു. രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന ഏഴു യാത്രക്കാരില്‍ ആറു പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. നിസാര പരിക്കേറ്റ ചവറ താമരശ്ശേരില്‍ ശ്യാം(27)നെ ആശുപത്രിയില്‍ ചികിത്സതേടി.
കൊല്ലം-തേനി ദേശീയ പാതയില്‍ ചാരുംമൂടിനും താമരക്കുളത്തിനും ഇടയില്‍ ഇന്ന് രാവിലെ 9.30 നായിരുന്നു അപകടം. ശ്യാമിന്റെ മാതൃ സഹോദരന്‍ ശാസ്താംകോട്ട പതാരം സ്വദേശി അനീഷിന്റെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പെട്ടത്. ശൂരനാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
കാറിന്റെ മുന്‍വശത്ത് വലതുഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതോടെ എതിര്‍ വശത്തെ പുരയിടത്തിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. റോഡരുകിലെ മരത്തിലിടിച്ച ശേഷം കാറ് തലകീഴായി പുരയിടത്തിലേക്ക് മറിഞ്ഞു. പിന്നീട് മറ്റൊരു കാറിലാണ് സംഘം ആലപ്പുഴക്ക് പോയത്.