ചവറ. വികാസ് കുട്ടികൾക്കായി ഒരുക്കുന്ന കളിക്കൂടിന് തുടക്കമായി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ക്യാമ്പിൽ 50 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന കളിക്കൂടിന് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കുട്ടികൾ ഘോഷയാത്രയായി ചവറ ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് ബലൂണുകൾ പറത്തി സന്ദേശഗാനങ്ങൾ ആലപിച്ച് വികാസിലെത്തി.
തുടർന്ന് നടന്ന ഉദ്ഘാടന ക്ലാസ് ‘അഭിരുചിയുടെ വേരുകൾ തേടി’ എന്ന വിഷയത്തിൽ തിരുവനന്തപുരം മന്നാനിയ കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഡോ.എം.എസ്.നൗഫൽ നയിച്ചു. ഉച്ചയ്ക്കുശേഷം ‘പ്രസംഗം ഒരു കല’ എന്ന വിഷയത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എബി പാപ്പച്ചൻ, വൈകിട്ട് ‘പാട്ടും കൂത്തും’ നാടക പ്രവർത്തകൻ നിസാർ മുഹമ്മദും ചേർന്ന് അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൈരളി ഫീനിക്സ് പുരസ്കാര ജേതാവ് കൃഷ്ണകുമാർ.പി.ശ്രീലത, കൊല്ലം ഡിവിഷണൽ എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ.വിജിലാൽ, കൊല്ലം ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ, പേപ്പർ ക്രാഫ്റ്റ് വിദഗ്ധ രജനി ബിജുകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളുമായി എത്തും. ക്യാമ്പിന്റെ ഇടവേളകളിൽ ആവേശം,നെല്ലിക്ക, വെള്ളിത്തിര,കാഴ്ച തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ക്യാമ്പിന്റെ സമാപന ദിവസം കുട്ടികൾ അവതരിപ്പിക്കുന്ന നാടകാവതരണവുമുണ്ടാകും. കൃത്യനിഷ്ഠ, അച്ചടക്കം, പങ്കാളിത്തം,ടേബിൾ മാനേഴ്സ്,പങ്കിടൽ, മൂല്യവബോധം, കലാബോധം, സാഹിത്യബോധം എന്നീ ആശയങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അതിനുതകുന്ന ക്ലാസുകളും വിഷയങ്ങളുമാണ് ക്യാമ്പിൽ സജ്ജീകരിച്ചിരിക്കുന്നത്.ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികളിൽ ഫലപ്രദമായി എത്തിക്കുന്നതിന് വിവിധ പരിപാടികളും സംയോജിപ്പിച്ചിട്ടുണ്ട്.