കൊട്ടാരക്കരയില്‍ എം‍ഡിഎംഎയുമായി ഡിവൈഎഫ്ഐക്കാരൻ പിടിയില്‍

Advertisement

കൊട്ടാരക്കരയില്‍ എം‍ഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി മുഹ്സിനാണ് ഇരുപതു ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപെട്ട മൂന്നുപേര്‍ക്കായി അന്വേഷണം തുടങ്ങി. ചിരട്ടക്കോണം കോക്കാട് റോഡില്‍ കൊട്ടാരക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് കരവാളൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ ഇരുപതുകാരനായ മുഹ്സിന്‍ പിടിയിലായത്.  


ഏറെ നാളായി ഡാന്‍സാഫ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു മുഹ്സിന്‍. എസ്എഫ്െഎയുടെ പുനലൂര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്െഎയുടെ കരവാളൂര്‍  വെസ്റ്റ് അംഗവുമാണ് മുഹ്സിന്‍. കൂടാതെ മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. പൊലീസ് മുഹ്‌സിനെ പിടിക്കുന്നതിനിടയിൽ ലഹരികടത്ത് സംഘത്തിലെ മൂന്നു പേര്‌ കാറില്‍ ര‌ക്ഷപെട്ടു. 

മുഹ്‌സിനു എംഡിഎംഎ കൈമാറുന്നതിനായി എത്തിയവരാണ് രക്ഷപെട്ടതെന്നും  തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് പിന്നീട് സ്ഥരീകരിച്ചു. ഇവര്‍‌ രക്ഷപെടുന്നതിനിടെ കൈവശം ഉണ്ടായിരുന്ന എംഡിഎംഎയുടെ പായ്ക്കറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.  മുഹ്സിനെ നാലാം പ്രതിയാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹ്സിനുമായി ബന്ധമുളള ഇടപാടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.