ഏരൂരിൽ ഭാര്യ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവ് പിടിയിൽ

Advertisement

പുനലൂർ.ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. കൊല്ലം ഏരൂരിൽ ആണ് സംഭവം. രണ്ടേക്കർമുക്ക് സ്വദേശിനി അശ്വതി ജീവനൊടുക്കിയ കേസിലാണ് ഭർത്താവ്
സനു സോമനെ സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

2024 ഫെബ്രുവരി  പതിനാറിനാണ് അശ്വതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് സനു സോമന്   മറ്റൊരു യുവതിയുമായുള്ള  സൗഹ്യദം അശ്വതി എതിർത്തിരുന്നു.
എന്നാൽ ബന്ധത്തിൽ നിന്നും പിന്തിരിയാതിരുന്ന സനു, സ്ത്രീധനത്തിന്റെ പേരിൽ അശ്വതിയെ പീഡിപ്പിച്ചിരുന്നതായി  ബന്ധുക്കൾ  പറയുന്നു. അശ്വതിയുടെ മരണശേഷമാണ്    മൊബൈൽ ഫോണിൽ നിന്നും സനുവിനയച്ച  ഓഡിയോ സന്ദേശവും ആത്മഹത്യയ്ക്കുള്ള കാരണവും ബന്ധുക്കൾ മനസ്സിലാക്കിയത്. തുടർന്ന് ഏരൂർ പോലീസിൽ  പരാതി നൽകിയെങ്കിലും  കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം.


തുടർന്ന്  ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശത്തിലാണ്   അന്വേഷണം പുനലൂർ  ഡിവൈഎസ്പിയ്ക്ക് കൈമാറിയത്.   സ്ത്രീധന പീഡന നിരോധന നിയമവും, ആത്മഹത്യ പ്രേരണയും  ചുമത്തി കേസെടുത്ത്  സനു സോമനെ ഇന്നലെ ഏരൂർ തൃക്കോയിക്കലിൽ നിന്നും അറസ്റ്റ് ചെയ്തു.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.