പുത്തൂർ:തിരക്കേറിയ പാതയിൽ വാഹനം ഇടിച്ച് തകർന്ന ഇലക്ട്രിക് പോസ്റ്റ് കയർ കെട്ടി നിർത്തി കെഎസ്ഇബി.പാങ്ങോട് – ശിവഗിരി ദേശിയ പാതയിൽ കുന്നത്തൂർ പാലത്തിനു സമീപം പാലമുക്കിനും പാങ്ങോട് ആയൂർവേദ മെഡിക്കൽ കോളേജിനുമിടയിലാണ് സംഭവം.ഇന്ന് രാവിലെ 6 ഓടെ എതിരെ വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയെ വെട്ടിച്ച് പുത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പാൽവണ്ടിയാണ് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ ആർക്കും പരിക്കില്ല.പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ സ്ഥലത്തെത്തിയ കെഎസ്ഇബി പുത്തൂർ സെക്ഷൻ അധികൃതർ 11 കെ.വി ലൈൻ കടന്നു പോകുന്ന തകർന്ന പോസ്റ്റ് മാറ്റാൻ തയ്യാറായില്ലത്രേ.രണ്ടായി മുറിഞ്ഞ് കമ്പിയിൽ നിൽക്കുന്ന പോസ്റ്റ് കയറിൽ കെട്ടി മടങ്ങുകയായിരുന്നു.പോസ്റ്റ് മാറണമെന്നും ഇത്തരത്തിൽ ചെയ്യുന്നത് അപകട ഭീഷണിയാണെന്നും നാട്ടുകാർ അറിയിച്ചപ്പോൾ പണിക്കാർ ഇല്ലെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു എന്നും പരാതിയുണ്ട്.വേനൽമഴയ്ക്കൊപ്പം കാറ്റ് ആഞ്ഞു വീശിയാലും സാമൂഹ്യ വിരുദ്ധർ കയർ അഴിച്ച് വിട്ടാലും രാപകൽ തിരക്കേറിയ കൊട്ടാരക്കര- കരുനാഗപ്പള്ളി റൂട്ടിൽ വലിയ അപകടമാകും സംഭവിക്കുകയെന്നും നാട്ടുകാർ ഭയപ്പെടുന്നു.