കുന്നത്തൂർ: നാട് അതിവേഗം പുരോഗതിയിലേക്ക് കുതിച്ചുയരുമ്പോഴും പുറംലോകത്തേക്ക് എത്താൻ ഇപ്പോഴും കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ് കുന്നത്തൂർ പഞ്ചായത്തിലെ തോട്ടത്തുംമുറി, തൂമ്പിൻപുറം, കാരവിള, കാട്ടുവിള, ഐവിള ഗ്രാമവാസികൾ. കശുവണ്ടി തൊഴിലാളികൾ, വിദ്യാർത്ഥികൾ, കർഷകർ അടക്കമുള്ള യാത്രക്കാർ കാൽനടയായി കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലെത്തിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണ് യാത്രാക്ലേശം ഏറെയും അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ഇവിടുത്തെ ജനങ്ങൾക്ക് നൽകുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ബസ് റൂട്ട് അനുവദിക്കുമെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാവരും വാഗ്ദാനം വിസ്മരിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. കുന്നത്തൂർ പഞ്ചായത്തിലും ഭാഗികമായി ശാസ്താംകോട്ട പഞ്ചായത്തിലും ഉൾപ്പെടുന്ന ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വി.എസ് അച്ചുതാനന്ദൻ്റെ ഭരണകാലത്ത് കല്ലടയാറിനു കുറുകെയുള്ള ചീക്കൽകടവ് പാലം യാഥാർത്യമായപ്പോൾ തോട്ടത്തുംമുറി, തൂമ്പിൻപുറം വഴി ബസ് സർവ്വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. പാലത്തിൻ്റെ ഉദ്ഘാടന വേളയിൽ ഇതു സംബന്ധിച്ചുള്ള സൂചനയും മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും സർവ്വീസ് മാത്രം യാഥാർത്ഥ്യമായില്ല. കുന്നത്തൂരിലെ അവികസിത മേഖലകളിലെ ജനങ്ങൾക്ക് കാൽനടയാത്ര തന്നെ ശരണം. ഇതിനു പരിഹാരമായി കൊട്ടാരക്കര ട്രാൻ.ഡിപ്പോയിൽ നിന്നും പുത്തുർ – കുന്നത്തൂർ പാലം – മലനട ക്ഷേത്രം വഴി ചീക്കൽകടവ്, കൊല്ലത്തു നിന്നും കുണ്ടറ -പേരയം – കാഞ്ഞിരകോട്-ചിറ്റുമല -ചീക്കൽകടവ് -മലനട -കുന്നത്തൂർ പാലം – പുത്തൂർ വഴി കൊട്ടാരക്കരയിലേക്കും സർവ്വീസ് ആരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.