യു.കെയിൽ ഡോക്ടറാണെന്ന് പറഞ്ഞ് കൊല്ലം സ്വദേശിനിയുമായി ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് : വിദേശ പൗരൻ അറസ്റ്റിൽ

Advertisement

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഉമയനല്ലൂര്‍ സ്വദേശിനിയില്‍ നിന്നും 5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദേശ പൗരന്‍ പിടിയിൽ. നൈജീരിയന്‍ സ്വദേശി മാത്യൂ എമേക്കാ(30)യെയാണ് കൊട്ടിയം പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വർഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് തട്ടിപ്പ് നടത്തിയത്. യു.കെയിൽ ഡോക്ടറാണെന്ന് പറഞ്ഞ് കൊല്ലം സ്വദേശിനിയുമായി ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊറിയർ അയച്ചിട്ടുണ്ടെന്നും പാഴ്സൽ ഡൽഹിയിലുണ്ടെന്നും 45,000 രൂപ അടക്കണമെന്നും ഇയാൾ വിശ്വസിപ്പിച്ചു. തുടർന്ന് യുവതി പ്രതി നിർദേശിച്ച അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. ഇത്തരത്തിൽ പലകാരണങ്ങൾ പറഞ്ഞ് തവണകളായി 4.90 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി കൊട്ടിയം പൊലിസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ പണംകെെമാറിയ അക്കൗണ്ടിന്റെ വിവരങ്ങൾ പിന്തുടർന്ന് ഡൽഹിയിൽ വരെ അന്വേഷണ സംഘം എത്തി. പ്രതി സമാന കുറ്റത്തിന് ഡൽഹി, വയനാട് അമ്പലവയൽ പൊലിസും ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ജാമ്യം ലഭിച്ച ഇയാൾ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ താമസിച്ചുവരികയായിരുന്നു. കൊട്ടിയം പൊലിസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം എസ്.എച്ച്.ഒയുടെ ചാര്‍ജ്ജ് വഹിക്കുന്ന ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിര്‍ദേശപ്രകാരം എസ്.ഐ മാരായ നിതിന്‍ നളന്‍, പ്രമോദ്, മിനുരാജ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement