ഇരവിപുരം: സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പണം മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി. മയ്യനാട് സുനാമി ഫ്ലാറ്റ്-19 തെക്കുംമൂട് തന്‍സീം (24), തഴുത്തല ഉമയനല്ലൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഇജാസ് (24) എന്നിവരാണ് ഇരവിപുരം പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28 വെള്ളിയാഴ്ച ഭരണിക്കാവ് അമ്പലത്തിന്റെ കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തട്ടാമല സ്വദേശിയായ ഗീതയുടെ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ പ്രതികള്‍ മോഷ്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, നൗഷാദ്, സിപിഒ മാരായ അനീഷ്, സജിന്‍, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

