കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെ 4 മണിയോടെയാണ് ഒഫീഷ്യല്‍ മെയില്‍ ഐഡിയിലേക്ക് ഭീഷണി സന്ദേശം വന്നത്. ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌കോഡ് സ്ഥലത്ത് പരിശോധന നടത്തി. അടുത്തിലെ കൊല്ലം കളക്ട്രേറ്റിലും സമാനമായ രീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു.
അതേസമയം തൃശ്ശൂരിലും പാലക്കാടും ആര്‍ഡിഒ ഓഫീസുകള്‍ക്കും് ബോംബ് ഭീഷണി ലഭിച്ചു. റാണ തഹവൂര്‍ എന്ന പേരിലുള്ള വിലാസത്തില്‍ നിന്ന് വന്ന മെയിലില്‍ തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാന്‍ വേണ്ടി ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഇതില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ല. തൃശൂര്‍ അയ്യന്തോളിലെ ആര്‍.ഡി.ഒ ഓഫിസ് ബോംബിട്ട് തകര്‍ക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് ഇവിടെ ബോംബ് ഭീഷണിയെത്തിയത്.