പൂരത്തിന് ഒരുങ്ങി കൊല്ലം

469
Advertisement

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കൊല്ലം പൂരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടമാറ്റത്തില്‍ മുഖാമുഖം നില്‍ക്കുന്ന പുതിയകാവ് ക്ഷേത്രവും താമരക്കുളം മഹാഗണപതി ക്ഷേത്രവും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ഡോ.ബി.ആര്‍ അംബേദ്കര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍, റോക്കറ്റ്, മയില്‍, വിടര്‍ന്ന താമരപ്പൂവില്‍ സരസ്വതി, നെടുംകുതിരകള്‍ തുടങ്ങി 17 ഇനങ്ങള്‍ പുതിയകാവ് കുടമാറ്റത്തിനായി ഒരുക്കുന്നുണ്ട്. 31 അടി വീതം ഉയരമുള്ള 2 നെടുംകുതിരകളെ പിന്നില്‍ നിര്‍ത്തിയാണ് താമരക്കുളം കുടമാറ്റം നടത്തുന്നത്. ശിവന്‍, ഭരതനാട്യം തുടങ്ങി ഒട്ടേറെ രൂപങ്ങള്‍ ദൃശ്യവിരുന്ന് ഒരുക്കും.
പൂരം സാംസ്‌കാരിക സമ്മേളനം വൈകിട്ട് 6ന് ആശ്രാമം മൈതാനത്ത് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബി.രവിപിള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി ആദരിക്കല്‍ നടത്തും. എക്സിബിഷന്‍ ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍, മേയര്‍ ഹണി ബെഞ്ചമിന്‍, രമേശ് ചെന്നിത്തല, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എം.മുകേഷ് എംഎല്‍എ, എന്‍.നൗഷാദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
പൂരത്തിന് 27 ആനകള്‍ എത്തുമെങ്കിലും ആശ്രാമം മൈതാനത്ത് നടക്കുന്ന കുടമാറ്റത്തില്‍ 11 ഗജവീരന്മാര്‍ വീതമാണ് അണി നിരക്കുക. തൃക്കടവൂര്‍ ശിവരാജു ആണ് ആശ്രാമം ക്ഷേത്രത്തിലെ തിടമ്പേറ്റുക. താമരക്കുളം മഹാഗണപതിയുടെ തിടമ്പ് ഏറ്റുന്നത് ആമ്പാടി ബാലന്‍ എന്ന ഗജവീരനാണ്.

Advertisement