വിഷുവിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിരത്തുകളില്‍ വില്പ്പനയ്ക്ക് കൃഷ്ണ വിഗ്രഹങ്ങള്‍ എത്തിക്കഴിഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, വൈറ്റ് സിമിന്റ് എന്നിവ കൊണ്ട് നിര്‍മിച്ച ഒരടി മുതല്‍ മൂന്ന് അടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്.
ഓടക്കുഴല്‍ വായിക്കുന്ന കണ്ണന്‍, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്‍, പ്രണയം തുളുമ്പുന്ന രാധാ-കൃഷ്ണന്‍മാര്‍, കാളിയമര്‍ദ്ദന സമയത്തെ കൃഷ്ണന്‍, ഗോക്കളെ മേയ്ക്കുന്ന കൃഷ്ണന്‍ തുടങ്ങി പല രൂപത്തിലും ഭാവത്തിലുമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ വിപണിയിലുണ്ട. പുനലൂര്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിഗ്രഹ വില്പന പൊടിപൊടിക്കുകയാണ്. 150 രൂപ മുതല്‍ 1000 രൂപ വരെ വില വരുന്ന ചാരുത നിറഞ്ഞ കൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയില്‍ സജീവമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൊന്നപ്പൂവ്, പച്ചമാങ്ങ, വെള്ളരി, കൈതച്ചക്ക, കശുവണ്ടിപ്പഴം, ചെറിയ ചക്ക, ഫ്രൂട്ട്‌സ് എന്നിവയും വിഷു വിപണി ലക്ഷ്യമിട്ട് വില്പന കേന്ദ്രങ്ങളിലെത്തും. കൃഷ്ണരൂപം നെയ്ത വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള സാരികളും ചുരിദാറുകളും മറ്റും വസ്ത്ര വിപണിയില്‍ എത്തിയിട്ടുണ്ട്. മഴയില്‍ പൂത്ത് കുലകുത്തി നിന്നിരുന്ന കണിക്കൊന്നകള്‍ കൊഴിഞ്ഞ നിലയിലാണ്. എന്നാല്‍ ഏത് പ്രതിസന്ധികളേയും അതിജീവിച്ച് കണി ഒരുക്കാനുള്ള ആവേശത്തിലാണ് മലയാളികള്‍.