കൊല്ലം: മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണനല്ലൂർ നെടുമ്പന മുട്ടയ്ക്കാവ് ചേരിയിൽ വടക്കേതൊടിയിൽ വീട്ടിൽ ഷൗക്കത്ത് അലിയെ (60) കൊലപ്പെടുത്തിയ കേസിൽ , ഏരൂർ അയിരനെല്ലൂർ വെള്ളച്ചാൽ മണലിൽ പുത്തൻവീട്ടിൽ ഷൈജുവിനെ (37 ) ആണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -V ജഡ്ജ് ബിന്ദു സുധാകരന്റേതാണ് വിധി.
2020 ആഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം.റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഷൈജു മുട്ടയ്ക്കാവിൽ ടാപ്പിംഗ് ജോലി ചെയ്യുന്ന കാലത്താണ് ഷൗക്കത്ത് അലിയുമായി പരിചയത്തിലാകുന്നത്. സംഭവ ദിവസം ഷൈജുവും ഷൗക്കത്ത് അലിയും ഷൈജുവിന്റെ വീട്ടിലെത്തി മദ്യപിക്കുകയും തുടർന്ന് വാക്കുതർക്കത്തിലാവുകയും ചെയ്തു. തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും ഷൈജു ഷൗക്കത്ത് അലിയെ വീടിന്റെ ഉയരത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീടിന്റെ അടുക്കള ഭാഗത്തെ സ്ലാബിനടിയിൽ മൃതദ്ദേഹം ഒളിപ്പിച്ചു. തുടർന്ന് ഷൈജു രാത്രിയോടെ കേസിലെ രണ്ടാംപ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ അയിരനെല്ലൂർ മണലിൽ അനീഷ് ഭവനം വീട്ടിൽ അനീഷിനെ വിളിച്ച് വരുത്തുകയും മൃതദ്ദേഹം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു. 2020 ആഗസ്റ്റ് 31 ന് ഷൗക്കത്തിന്റെ ഭാര്യ ഉമറൈത്ത് തന്റെ ഭർത്താവിനെ ഷൈജു കൂട്ടികൊണ്ടുപോയ ശേഷം കാണാനില്ലെന്ന് കാട്ടി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആദ്യം കണ്ണനല്ലൂർ ഐ.എസ്.എച്ച്.ഒ വി.എസ്.വിപിൻ കുമാറും ഏരൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറും തുടർന്ന് വന്ന ഐ.എസ്.എച്ച്.ഒ അരുൺകുമാറുമാണ് അന്വേഷണം നടത്തിയത്.
കേസിൽ 19 സാക്ഷികളെയും 32 റെക്കാഡുകളും 5 തൊണ്ടിമുതലും ഹാജരാക്കി. പ്രതിയുടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് കിട്ടിയ ഷൗക്കത്തിന്റെ ഷർട്ടിന്റെ ബട്ടൻസും നിർണായക തെളിവായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ ആയിരുന്നു പ്രോസിക്യൂഷൻ സഹായിയായി.