കരുനാഗപ്പള്ളി. സിപിഐ എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി തൻ്റെ രാഷ്ട്രീയ ഗുരുക്കളിൽ പ്രധാനിയായ എൻ എസ് എന്ന എൻ ശ്രീധരന്റെ വീട്ടിലെത്തി എൻഎസിൻ്റെ സഹധർമ്മിണി പത്മാവതി ടീച്ചറെ സന്ദർശിച്ചു. എം എ ബേബി വിദ്യാർത്ഥി, യുവജന സംഘടനാ നേതാവായിരുന്ന കാലത്ത് പാർട്ടിയിൽ വിദ്യാർത്ഥി യുവജന സംഘടനകളുടെ ചുമതലമുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു എൻ എസ്. അക്കാലത്താണ് എസ്എഫ്ഐയുടെ സംസ്ഥാന – ദേശീയ അധ്യക്ഷ പദവികളിലേക്ക് എം എ ബേബി എത്തുന്നത്. ഈ സന്ദർഭങ്ങളിൽ എല്ലാം എൻ ശ്രീധരനുമായി അടുത്ത ഹൃദയബന്ധം ഉണ്ടായിരുന്ന യുവ നേതാക്കളിൽ പ്രമുഖനായിരുന്നു എം എ ബേബി. അദ്ദേഹത്തിൻ്റെ മരണ ശേഷവും ഓർമ്മ ദിനങ്ങളിൽ ബേബിയും ഭാര്യ ബെറ്റിയും മുടങ്ങാതെ എൻ എസിൻ്റെ കുലശേഖരപുരം പുളിനിൽക്കുംകോട്ടയിൽ ഉള്ള വസതിയിൽ എത്തുമായിരുന്നു.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് എം എ ബേബിയും ഭാര്യ ബെറ്റിയും പത്മാവതി ടീച്ചറെ കാണാൻ എത്തിയത്. എൻഎസിനോടൊപ്പം നിരവധി തവണ വന്നിട്ടുള്ള വീട്ടിൽ പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും എത്തിയ എം എ ബേബിക്ക് പാർട്ടി പ്രവർത്തകരും പത്മാവതി ടീച്ചറും ചേർന്ന് വികാരനിർഭരമായ സ്വീകരണമാണ് നൽകിയത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ എതിരേറ്റത്. ബേബിയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, പത്മാവതി ടീച്ചർ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് പ്രവർത്തകരും നേതാക്കളും അദ്ദേഹത്തിന് സ്വീകരണം നൽകി. ടീച്ചർ നൽകിയ ഇളനീരും കഴിച്ച് അല്പസമയം ഓർമ്മകൾ പങ്കിട്ട ശേഷം പ്രവർത്തകരോടൊപ്പം ഫോട്ടോയും എടുത്തതിനുശേഷമാണ് അദ്ദേഹം കൊല്ലത്തേക്ക് മടങ്ങിയത്. സിപിഐ എം നേതാക്കളായ ടി മനോഹരൻ, പി ബി സത്യദേവൻ, പി ആർ വസന്തൻ പി കെ ബാലചന്ദ്രൻ, പി ഉണ്ണി, സി രാധാമണി, ബി കൃഷ്ണകുമാർ, ഡി രാജൻ, വി പി ജയപ്രകാശ് മേനോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ അനിരുദ്ധൻ, പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം തുടങ്ങിയവരും പാർട്ടി പ്രവർത്തകരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.