യുഎസ്എസ് പരീക്ഷക്ക് തെറ്റായ കോഡുള്ള ചോദ്യപേപ്പര്‍: മാന്വലായി മൂല്യനിര്‍ണയംനടത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

238
Advertisement

കൊല്ലം: കരുനാഗപ്പള്ളി ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളിലെ രണ്ടാം ഹാളില്‍ യുഎസ്എസ് പരീക്ഷയെഴുതിയ നാലു കുട്ടികളുടെ ഉത്തരപേപ്പര്‍ മാന്വലായി മൂല്യനിര്‍ണയം നടത്താന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മറ്റു കുട്ടികളില്‍ ആര്‍ക്കെങ്കിലും ചോദ്യപേപ്പര്‍ തെറ്റായി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും അപാകതയുണ്ടെങ്കില്‍ അവരുടെയും പരീക്ഷാപേപ്പര്‍ മാന്വലായി മൂല്യനിര്‍ണയം നടത്തുകയും വേണം. പരീക്ഷ എഴുതിയ മറ്റു കുട്ടികള്‍ക്കൊപ്പം ഈ കുട്ടികളുടെയും ഫലം പ്രസിദ്ധീകരിക്കണം. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് പരീക്ഷാഭവന്‍ സെക്രട്ടറി 45 ദിവസത്തിനകം കമീഷന് സമര്‍പ്പിക്കണം. കുട്ടികള്‍ക്ക് ഇന്‍വിജിലേറ്റര്‍ തെറ്റായ കോഡുള്ള ചോദ്യപേപ്പര്‍ നല്‍കിയെന്നും ഒഎംആര്‍ മൂല്യനിര്‍ണയമായതിനാല്‍ കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കില്ലെന്നും പേപ്പര്‍ മാന്വല്‍ ആയി മൂല്യനിര്‍ണയം നടത്തി ഫലം പ്രസിദ്ധീകരിക്കണമെന്നുമുള്ള കരുനാഗപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് കമീഷന്‍ ഉത്തരവ്.

Advertisement