സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കം: മദ്ധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിച്ച സഹോദരന്മാര്‍ പിടിയില്‍

Advertisement

കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മദ്ധ്യവയസ്‌കനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായ സഹോദരന്മാര്‍ പോലീസ് പിടിയിലായി.
വടക്കേവിള റഫീക്ക് മന്‍സിലില്‍ സിദ്ദിഖ് (40), ഷഫീഖ് (45) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കടപ്പാക്കട പള്ളിമത്ത് വീട്ടില്‍ സാബു (50) വിനെയാണ് ഇവര്‍ കുത്തി പരിക്കേല്‍പ്പിച്ചത്. സിദ്ദിഖിന്റെ പക്കല്‍ നിന്ന് സാബു വാങ്ങിയ പണം തിരികെ കൊടുക്കാതിരുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ ഫോണിലൂടെ തര്‍ക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതിനെതുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് സാബുവിനെ പ്രതികള്‍ വാടകയ്ക്ക് താമസിച്ച് വരുന്ന ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുനിലിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഫിറോസ്ഖാന്‍ സിപിഒ മാരായ പ്രവീണ്‍ചന്ദ്, ഷഫീഖ്, റഫീഖ്, ശംഭു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement