കാറിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക് പതിനഞ്ച് വര്‍ഷം കഠിനതടവ്

27
Advertisement

കൊല്ലം: കാറിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് പതിനഞ്ച് വര്‍ഷം കഠിനതടവ്. 2023 ഏപ്രില്‍ 3ന് രാത്രിയില്‍ എംസി റോഡില്‍, നിലമേല്‍ ജംഗ്ഷന് സമീപത്തുവച്ചാണ് 53.860 കിലോ കഞ്ചാവുമായി ചിതറ, വളവുപച്ച, പേഴുംമൂട് വളവില്‍, ഹെബി നിവാസില്‍ ഹെബിമോന്‍ (44), നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷൈന്‍ (38) എന്നിവര്‍ പിടിയിലായത്. കഞ്ചാവ് കൈവശം വച്ച് കടത്താന്‍ ശ്രമിച്ച കുറ്റത്തിന് പതിനഞ്ച് വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ആണ് ഉത്തരവായത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.
ചടയമംഗലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. മോനിഷിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ടെയില്‍ ലാമ്പിനുള്ളിലും അടിഭാഗത്തും നിര്‍മ്മിച്ച രഹസ്യ അറകളിലായിരുന്നു 26 പാക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷ അതിര്‍ത്തിയില്‍ നിന്ന് കടത്തി കൊണ്ടു വന്ന കാറിന് വ്യാജ നമ്പറായിരുന്നു നല്‍കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. 2021 ലില്‍ 84 കിലോ ഗഞ്ചാവ് കടത്തിയ കേസില്‍ ചാത്തന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഹെബിമോന്‍. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ: സിസിന്‍. ജി.മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എഎസ്‌ഐ ദീപ്തിയായിരുന്നു.

Advertisement