കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്ത കേസിന്റെ അടുത്ത വിചാരണ നടപടികള്‍ ശനിയാഴ്ചയിലേക്ക് മാറ്റി. കേസിലെ 30-ാം പ്രതി അടൂര്‍ ഏറം സ്വദേശി അനുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കുന്നത് കോടതി അന്നെദിവസം പരിഗണിക്കും. അതേ സമയം ഒളിവില്‍ കഴിയുന്ന അനുവിനെ പറ്റി ചില സൂചനകള്‍ ലഭിച്ചതിനാല്‍ അയാളെ ഹാജരാക്കാന്‍ അഭിഭാഷകനും പ്രതിക്ക് ജാമ്യം നിന്നവരും സാവകാശം ആവശ്യപ്പെട്ടു. ജാമ്യക്കാരുടെ പിഴ തുക നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഏപ്രില്‍ 4ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.
കൊല്ലം നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി എസ്. സുഭാഷ് മുമ്പാകെയാണ് ഇന്ന് കേസ് പരിഗണിച്ചത്. 19 പ്രതികള്‍ ഇന്നലെ ഹാജരായില്ല. ഇവര്‍ക്കായി അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കി. മരിച്ച 10 പ്രതികള്‍ക്ക് എതിരേയുള്ള കുറ്റപത്രം നേരത്തേ കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. പി. ജബ്ബാര്‍, അഡ്വ.അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
































