വ്യാപാര കേന്ദ്രങ്ങളില്‍ ശുചിത്വമിഷന്‍ പരിശോധന: 2 സ്ഥാപനങ്ങള്‍ക്ക് പിഴ

430
Advertisement

കുണ്ടറ: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കുണ്ടറ, പേരയം, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ശുചിത്വ മിഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകള്‍, നിരോധിത പ്ലാസ്റ്റിക് ഉല്പനങ്ങള്‍ തുടങ്ങിയവ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയില്‍ ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ 2 സ്ഥാപനങ്ങളില്‍ വില്പന നടത്തുന്നതായി കണ്ടെത്തി.
150 കിലോ സാധനങ്ങളാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പിഴ നടപടികള്‍ സ്വീകരിക്കും. 50000 രൂപയാണ് പിഴയായി ഈടാക്കുന്നത്. പഞ്ചായത്തിനാണ് ഇതിനുള്ള അധികാരം.
കുണ്ടറ മിനി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന. സംസ്ഥാന തലത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, ഇന്റേണല്‍ വിജിലന്‍സ് ഓഫീസേഴ്സ് സ്‌ക്വോഡ്, പഞ്ചായത്ത്തല സ്‌ക്വോഡ് എന്നിവര്‍ സംയുക്തമായും അല്ലാതെയുമായാണ് പരിശോധനകള്‍ തുടര്‍ന്നുവരുന്നത്.

Advertisement