അപകടസാധ്യതയുള്ള സ്ഥലത്ത് ബിവറേജസ് ഔട്ട് ലെറ്റ് തുറക്കരുത്: റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: ചടയമംഗലം കെഎസ്ഇബി ഓഫീസിന് എതിര്‍വശം എംസി റോഡിന് സമീപം ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് തുറക്കുന്നത് തടയണമെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത കോര്‍പ്പറേഷന്‍ എംഡിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
ഷോപ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കൊടുംവളവായതിനാല്‍ അപകടസാധ്യത കൂടുതലാണെന്ന് പരാതിയില്‍ പറയുന്നു. നിലവില്‍ അപകടങ്ങള്‍ പതിവായ സ്ഥലത്ത് മദ്യശാല തുറന്നാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നാണ് പരാതി. കൊടുംവളവില്‍ തന്നെ സ്ഥാപനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് കെട്ടിടം ഉടമയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പരാതിയുണ്ട് . മദ്യശാല തുടങ്ങുന്നതിന് മുമ്പ് പോലീസിന്റെയും മോട്ടോര്‍ വെഹിക്കിള്‍സിന്റെയും ഉപദേശം തേടണമെന്നും പരാതിയില്‍ പറയുന്നു. പ്രദേശവാസിയാണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Advertisement