കള്ളക്കടല്‍; ജാഗ്രതാ നിര്‍ദേശം

1452
Advertisement

കൊല്ലം: ജില്ലയില്‍ നാളെ രാവിലെ 8.30 മുതല്‍ 12ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. അതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണമെന്നും അറിയിച്ചു. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

Advertisement