എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം; ജില്ലയില്‍ 30,088 വിദ്യാര്‍ഥികള്‍

Advertisement

കൊല്ലം: നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷക്ക് ജില്ലയിലെ 230 സെന്ററുകളില്‍നിന്ന് 30,088 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് ഈ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം. മുന്‍വര്‍ഷം 30279 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു.
നാളെ മുതല്‍ 26 വരെ 10 ദിവസങ്ങളിലായാണ് പരീക്ഷകള്‍. രാവിലെ 9.30ന് ആരംഭിച്ച് 11.15 നും 12.15നും അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷമാണ് നടത്തുന്നത്.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലയില്‍നിന്ന് 15442 ആണ്‍കുട്ടികളും 14646 പെണ്‍കുട്ടികളുമാണ് എസ്എസ്എല്‍സി പരീക്ഷക്കിരിക്കുന്നത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ 111 സെന്ററുകളില്‍നിന്ന് 16160 കുട്ടികളും കൊട്ടാരക്കരയിലെ 66 സെന്ററുകളില്‍നിന്ന് 7582 കുട്ടികളും പുനലൂരിലെ 53 സെന്ററുകളില്‍നിന്ന് 6346 കുട്ടികളുമാണ് ഈ വര്‍ഷം പരീക്ഷക്കായി തയാറെടുക്കുന്നത്.
ജില്ലയില്‍നിന്ന് എസ്‌സി വിഭാഗത്തില്‍ 4288 വിദ്യാര്‍ഥികളും എസ്ടി വിഭാഗത്തില്‍നിന്ന് 104 കുട്ടികളും 2025ലെ എസ്എസ്എല്‍സി പരീക്ഷക്കായി ഒരുങ്ങുന്നു. ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികളും (8273) പെണ്‍കുട്ടികളും (7887) പരീക്ഷക്കെത്തുന്നത് കൊല്ലം ഉപജില്ലയില്‍നിന്നാണ്. എസ്‌സി വിഭാഗത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കെത്തുന്നത് കൊല്ലം ഉപജില്ലയില്‍നിന്നും (2084) എസ്ടി വിഭാഗത്തില്‍ പുനലൂരുമാണ് (83).
റെഗുലര്‍ വിഭാഗത്തില്‍നിന്നും 30080 കുട്ടികളും നോണ്‍ റെഗുലര്‍ വിഭാഗത്തില്‍നിന്ന് എട്ട് കുട്ടികളും പരീക്ഷയെഴുതുന്നത്. കഴിഞ്ഞവര്‍ഷം 30279 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍നിന്ന് 30144 പേര്‍ ഉപരിപഠനത്തിലേക്ക് വഴിതുറന്നിരുന്നു. പരീക്ഷ എഴുതിയ 15483 ആണ്‍കുട്ടികളില്‍ 15418 പേരും 14796 പെണ്‍കുട്ടികളില്‍ 14726 പേരുമാണ് നേട്ടം കൈവരിച്ചത്. കൊല്ലം- ക്രിസ്തുരാജ് എച്ച്എസ്, കൊട്ടാരക്കര- എംടിഎച്ച്എസ് ഫോര്‍ ഗേള്‍സ്, പുനലൂര്‍- ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളാണ് സ്റ്റോറേജ് കേന്ദ്രങ്ങള്‍. പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകളും ഇവിടെ സൂക്ഷിക്കും.
പരീക്ഷ കഴിയുന്ന ദിവസം തന്നെ ഉത്തര കടലാസുകള്‍ ഡെസ്പാച്ച് ചെയ്യേണ്ടതിനാല്‍ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷാ ദിവസങ്ങളില്‍ അധികസമയം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ വര്‍ഷം ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് വിമല ഹൃദയ സ്‌കൂളിലാണ്- 658 പേര്‍. കുറവ് ജിഎച്ച്എസ് വലിയകാവ്, ജിഎച്ച്എസ് കൂവക്കാട്, എന്‍എസ്എസ് പേരയം സ്‌കൂളുകളിലാണ്- നാല് പേര്‍ വീതം. 2252 ഇന്‍വിജിലേറ്റര്‍മാരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കുകയെന്ന വര്‍ഷങ്ങളായി തുടര്‍ന്നുവന്ന രീതിക്കും ഈ വര്‍ഷം മാറ്റമാകുകയാണ്. ഈ വര്‍ഷം എട്ടാം ക്ലാസ് പരീക്ഷയെഴുതുന്നവര്‍ക്ക് 30 ശതമാനമെങ്കിലും മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ.
അടുത്ത വര്‍ഷം എട്ട്, ഒമ്പത് ക്ലാസുകളിലും മിനിമം മാര്‍ക്ക് നിബന്ധന വരും. വര്‍ഷങ്ങളായി എല്ലാവരും ജയിച്ചിരുന്ന സ്ഥിതിക്ക് മാറ്റം വരുന്നത് ഗുണകരമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍.