കരുനാഗപ്പള്ളി:- കേരളഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ ഫാക്ടറി സ്ഥാപിക്കുന്നതിനായി വീടും സ്ഥലവും നൽകിയ ഭൂഉടമകളുടെ നോമിനികൾക്ക് സ്ഥിര നിയമന ഉത്തരവ് വിതരണം ചെയ്ത ചടങ്ങ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
കർഷകരുടെ സംരക്ഷണത്തിന് വേണ്ടി കേരളഫീഡ്‌സിനെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരള ഫീഡ്സ് നഷ്ടത്തിലായ ഘട്ടം ഉണ്ടായപ്പോഴും തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിട്ടില്ല. കേരളത്തിലെ കാലിത്തീറ്റ കർഷകരിൽ പകുതി ആളുകൾക്ക് പോലും മതിയാകുന്ന രീതിയിൽ കാലിത്തീറ്റ ഉല്‍പാദിപ്പിക്കാൻ കഴിയുന്നില്ല. അതിന് കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണ്. ചോളം ഉൾപ്പടെയുള്ള അസംസ്കൃത വസ്തുക്കൾ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഫാക്ടറികളിൽ എത്തിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അസംസ്കൃത വസ്തുക്കൾ ഉല്‍പാദിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറെ വർഷങ്ങൾക്ക് ശേഷമാണ് സ്ഥിര നിയമനം നടപ്പിലാക്കാൻ കഴിഞ്ഞത്. ഇടത് സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടുവെന്നും അതിന് ഏറെ കടമ്പകൾ കടക്കേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരുനാഗപ്പള്ളി കേരളഫീഡ്സ് അങ്കണത്തിൽ നടന്ന ചടങ്ങിന് സി ആർ മഹേഷ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. കേരള ഫീഡ്സ് എം ഡി ഷിബു എ റ്റി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഡി ഡോ:ബി ശ്രീകുമാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോക്, വാർഡ് മെമ്പർ എ ബഷീർ, വിവിധ യൂണിയൻ നേതാക്കളായ ഐ ഷിഹാബ് (എഐടിയുസി), പി ആർ വസന്തൻ (സിഐടിയു), എം കെ തങ്കപ്പൻ, രാജൻ പിള്ള, ചിറ്റൂമൂല നാസർ (ഐഎൻടിയുസി), അനിൽ കുമാർ (ബിഎംഎസ്), ഷൗക്കത്ത് (യുടിയുസി), റജി ഫോട്ടോപാർക്ക് (എച്ച്എംഎസ്) എന്നിവർ യോഗത്തിൽ സംബന്ധിച്ചു.