യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂര്‍ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന അനന്തു, ഓച്ചിറ, പായിക്കുഴി, മനു ഭവനത്തില്‍ റിനു, ഓച്ചിറ, ഷീബാ ഭവനത്തില്‍ ഷിബുരാജ് (31) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം പ്രതികള്‍ ഓച്ചിറയിലെ ബാറിലുണ്ടായിരുന്നവരുമായി നടന്ന വാക്ക്തര്‍ക്കത്തില്‍ കുലശേഖരപുരം സ്വദേശിയായ വിനീഷ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി ഇയാളെയും സുഹൃത്ത് ബേബിയേയും ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയ വിനീതിന്റെ സ്‌കൂട്ടറില്‍ ഇരുന്ന പണിയായുധങ്ങള്‍ വെച്ച് വിനീഷിനെയും സുഹൃത്തിനെയും മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ്, എസ്‌സിപിഒ രാഹുല്‍, വൈശാഖ്, സിപിഒ അനീസ്, സിഖില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.