രാസ അപകടങ്ങള്‍ നേരിടുന്നതിന് ഓഫ് സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ പുതുക്കുന്നു

Advertisement

കൊല്ലം: ജില്ലയില്‍ രാസ അപകടങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ഇത്തരം അപകടം കൈകാര്യം ചെയ്യുന്ന ജില്ലാ ക്രൈസിസ് ഗ്രൂപ്പ് യോഗം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിലവിലെ ഓഫ് സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ പുതുക്കി അപകടങ്ങളെ നേരിടുന്നതിനും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. വ്യവസായ ശാലകളില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍, ജില്ലയിലൂടെ റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും കടന്നുപോകുന്ന രാസവസ്തുക്കള്‍ എന്നിവയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിലവിലുള്ള ഓഫ് സൈറ്റ് പ്ലാന്‍ പുതുക്കുക.
ഇതിനായി അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കൃഷി, മൃഗസംരക്ഷണം, ആര്‍ടിഒ, വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റെയില്‍വേ, ബിഎസ്എന്‍എല്‍, ചവറ കെഎംഎംഎല്‍, പാരിപ്പള്ളിയിലെ ഇന്ത്യന്‍ ഓയില്‍ ഇന്‍ഡേന്‍ ബോട്ടിലിങ് പ്ലാന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ജനുവരി 10നകം പ്ലാന്‍ പുതുക്കുന്നതിനുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു.
അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, വാതക ചോര്‍ച്ച ഉണ്ടായാല്‍ ഒഴിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, അപകടം നടക്കുന്ന സൈറ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍, അപകടത്തിന്റെ തോത്, സ്വഭാവം, അത്യാഹിതങ്ങള്‍ നേരിടാനുള്ള കഴിവ്, ചികിത്സാ പ്രോട്ടോക്കോള്‍, അവശ്യമരുന്നുകളുടെ ലഭ്യത, അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കുന്നതില്‍ പുറത്തുള്ള സംഘടനകള്‍, വാഹനങ്ങളുടെ ലഭ്യത, പ്രത്യേക പരിശീലനം ലഭിച്ചവരുടെ വിവരങ്ങള്‍, മോക്ക് ഡ്രില്‍ നടത്തിപ്പ്, ദുരന്താവസ്ഥ വേഗത്തിലും കാര്യക്ഷമമായും നേരിടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് പ്ലാനില്‍ വിശദീകരിക്കുക.

Advertisement