ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ നടത്തിയ സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ 22 ക്രമക്കേടുകള്‍ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ സഞ്ചാര പാത ഉള്‍പ്പെടെ കൊല്ലം ജില്ലയിലെ ബേക്കറി, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് യഥാസമയം ബില്ലുകള്‍ നല്‍കല്‍, പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിന് 154 പരിശോധനകളാണ് നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സംയുക്ത സ്‌ക്വാഡ് പരിശോധന ശക്തമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
































