മരത്തില്‍ കുടുങ്ങിയ യുവാവിന് രക്ഷകനായി ഫയര്‍ഫോഴ്‌സ്. കേരളപുരം മാമൂട് തോട്ടിന്‍കര സ്വദേശി 40 വയസ്സുള്ള ബിജുവാണ് മരത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു സംഭവം. മാമൂട് മാടന്‍കാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. മരം മുറിച്ചു കൊണ്ടിരിക്കവേ വാള്‍ ശരീരത്ത് കൊണ്ട് മുറിവേറ്റു. തുടര്‍ന്ന് നിലത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഉടന്‍തന്നെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കുണ്ടറയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയാണ് ഇദ്ദേഹത്തെ മരത്തില്‍ നിന്നും താഴെയിറക്കിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
































