കുണ്ടറ താലൂക്ക് ആശുപത്രിയില്‍ അതിക്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

861
Advertisement

കുണ്ടറ: താലൂക്ക് ആശുപത്രിയിലെത്തി അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ അസഭ്യം പറയുകയും ചെയ്ത കേസിലെ 3 പേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പേരയം പടപ്പക്കര മുനമ്പത്ത് കിഴക്കതില്‍ അനില്‍ (44), കാഞ്ഞിരകോട് ജിജി ഭവനില്‍ സുരേഷ് (49), മുളവന ആദിഷ് നിവാസില്‍ സുനില്‍ (52) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജനുവരി 27ന് രാത്രി 11.30ന് ആയിരുന്നു സംഭവം. പരിക്കേറ്റ് ആശുപത്രിയിലെത്തിയ സുനിലും സുരേഷും തമ്മിലുള്ള വാക്ക്തര്‍ക്കം അടിപിടിയില്‍ എത്തുകയായിരുന്നു. മുറിവ് വെച്ച്കെട്ടാന്‍ ഉപയോഗിച്ച കത്രികകള്‍ എടുത്ത് ഇവര്‍ പരസ്പരം കുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ഡ്യൂട്ടി ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
അനില്‍ ചികിത്സാ മുറിയുടെ കതക് ചവിട്ടിത്തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ കയ്യേറ്റം ചെയ്തു. കുണ്ടറ എസ്എച്ച്ഒ വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പി.കെ. പ്രദീപ്, ശ്യാമ കുമാരി, ബിന്‍സ് രാജ്, സിപിഒമാരായ കൃഷ്ണദാസ്, മെര്‍വിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement