കൊല്ലം: കുന്നത്തൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി കുന്നത്തൂര്‍ താലൂക്ക് പരിധി നിര്‍ണയിക്കുന്നതു സംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
ഇതിനു മുന്‍പ് മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും മുന്നില്‍ വിഷയം അവതരിപ്പിക്കും. റവന്യു മന്ത്രിക്കു മുന്‍പാകെ നേരത്തെ ഈ വിഷയം ഉന്നയിച്ചതാണെന്നും ചില സാങ്കേതിക തടസ്സങ്ങളാണ് താലൂക്ക് വിപുലീകരണത്തിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പവിത്രേശ്വരം, പുത്തൂര്‍ വില്ലേജുകള്‍ നിലവില്‍ കൊട്ടാരക്കര താലൂക്കിന്റെയും മണ്‍റോതുരുത്ത്, കിഴക്കേകല്ലട വില്ലേജുകള്‍ കൊല്ലം താലൂക്കിലുമാണ് ഉള്‍പ്പെടുന്നത്. ഒറ്റതാലൂക്ക് ആയാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
































