കൊട്ടാരക്കരയിൽ കിടപ്പു രോഗിയായ വയോധികയുടെ മൂന്നു വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താൽകാലിക ജീവനക്കാരി അറസ്റ്റിൽ

1008
Advertisement

കൊട്ടാരക്കര: കിടപ്പു രോഗിയായ വയോധികയുടെ മൂന്നു വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താൽകാലിക ജീവനക്കാരി അറസ്റ്റിൽ. ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്. പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ ദേശസാൽകൃത ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടിൽ നിന്നും 2021 മുതൽ 2024 മാർച്ച് വരെ കാലത്ത് 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്. ഏറെ വർഷങ്ങളായി ബാങ്കിൽ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. പണം പിൻവലിക്കൽ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചു നൽകുകയുമായിരുന്നു. വയോധികയുടെ ബന്ധു ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയതും പരാതി നൽകിയതും. എസ്.ഐ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement