തൊടിയൂർ ഗ്രാമപഞ്ചായത്തിലെ അവിശ്വാസ പ്രമേയം പാസായി

510
Advertisement

തൊടിയൂർ : തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 11 നെതിരെ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസായി. 23 അംഗങ്ങളുള്ള തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡ് അംഗം സി പി എംലെ സലീം മണ്ണേൽ മരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വിജയിച്ചതിനെ തുടർന്നാണ് എൽ ഡി എഫിന് പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതും തുടർന്ന് കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതും. യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ ധർമ്മദാസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് അവിശ്വാസ പ്രമേയം ചർച്ചചെയ്യുകയും വോട്ടിനിടുകയും ചെയ്തത്.

അവിശ്വാസം വിജയിച്ചതോടുകൂടി ശ്രീമതി ബിന്ദു രാമചന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തായി. അവിശ്വാസത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനായ ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഒഴിവ് ഇലക്ഷൻ കമ്മീഷനിൽ റിപ്പോർട്ട് ചെയ്യുകയും കമ്മീഷൻ നിർദ്ദേശിക്കുന്ന ദിവസം പഞ്ചായത്ത് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. അവിശ്വാസ പ്രമേയം വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ്‌ പ്രകടനം നടത്തി. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ: കെ എ ജവാദ്, ഡി സി സി വൈസ് പ്രസിഡന്റ്‌ ചിറ്റുമൂല നാസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: സി ഒ കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ധർമ്മദാസ്, നജീബ് മണ്ണേൽ,ഷാനിമോൾ പുത്തൻവീട്, തൊടിയൂർ വിജയകുമാർ ,പുളിമൂട്ടിൽ ശുഭകുമാരി, ബിന്ദു വിജയകുമാർ, റ്റി. ഇന്ദ്രൻ, സഫീന അസിസ്, ബി. രവീന്ദ്രൻ പിള്ള, ജഗദമ്മ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

Advertisement