പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഇതിനായി തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കും. തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തും. വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാല്‍ ചികിത്സ തേടാതെ അവഗണിക്കുന്നത് പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നടപ്പിലാക്കുന്ന റാബീസ് ഫ്രീ കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നടത്തിയ ചടങ്ങില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ ജില്ലയില്‍ തെരുവ് നായ്ക്കളുടെ ഉപദ്രവം പൂര്‍ണ്ണമായിഇല്ലാതാക്കുന്നതിനും പേവിഷബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പാഷന്‍ ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ കൂടി സഹകരണത്തോടെ കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും ഈ പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പവിത്ര യു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


































