കൊട്ടാരക്കര: മാനസിക രോഗിയായ മധ്യവയസ്‌ക്കന്‍ ഭാര്യയ്ക്കും മാതാവിനും ഗുളിക അമിതമായി നല്‍കിയ ശേഷം ഗുളിക കഴിച്ച് മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കെ.എസ്. നഗറില്‍ ബി 144 അഭിരാം ഭവനില്‍ രാമചന്ദ്രന്‍ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), അമ്മ കമലമ്മ (72) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഗിരിജാകുമാരിയും അമ്മ കമലമ്മയും ഉച്ചഭക്ഷണം കഴിക്കുന്ന സമയം മീന്‍ കറിയില്‍ രാമചന്ദ്രന്‍ മാനസിക രോഗത്തിന് കഴിച്ചു കൊണ്ടിരുന്ന 6 ഗുളിക ഇട്ടിരുന്നു. മീന്‍കറിയില്‍ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു.
അല്‍പ സമയത്തിന് ശേഷം ഇരുവരും ബോധരഹിതരായി. ഗിരിജയുടെ മകന്‍ അഭിരാം ചന്ദനത്തോപ്പ് ഐടിഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇരുവരും ബോധമില്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. ചെറുതായി ബോധംവന്ന ഗിരിജ മകനോട് വിവരം പറഞ്ഞു. സാധാരണ ഉറങ്ങുന്നതുപോലെ രാമചന്ദ്രന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാളും ഗുളിക കഴിച്ചെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. ഉടന്‍ തന്നെ അഭിരാം നാട്ടുകാരെ വിളിച്ചുവരുത്തി. ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടെയും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാമചന്ദ്രന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
































