കൊല്ലത്ത് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സിപിഎമ്മുകാര്‍ യുഡിഎഫ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു

493
Advertisement

അഞ്ചല്‍: കടയ്ക്കലില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരുടെ മുന്നില്‍ വെച്ച് സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. കഴുക്കോലും പട്ടികയും കുറുവടികളും ഉപയോഗിച്ചായിരുന്നു അക്രമം. വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെയാണ് സിപിഎമ്മുകാര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് ആക്രമിച്ചത്. ജിഷ്ണുവിനെ സിപിഎം-ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചു.
വിജയാഹ്ലാദ പ്രകടനത്തിനിടെ ജിഷ്ണു സിപിഎം പ്രവര്‍ത്തകരിലൊരാളുടെ വീടിന് സമീപത്തുവെച്ച് ഓലപ്പടക്കം പൊട്ടിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സിപിഎം-ഡിവൈഎഫ്ഐക്കാര്‍ ഇയാളെ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീര്‍, മുക്കുന്നം ബ്രാഞ്ച് അംഗം വിമല്‍കുമാര്‍, മങ്കാട് സ്വദേശി വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.

Advertisement