Home News Breaking News വിതുര  പീഡനക്കേസില്‍ ഒന്നാംപ്രതിക്ക് 37 വര്‍ഷം തടവ്

വിതുര  പീഡനക്കേസില്‍ ഒന്നാംപ്രതിക്ക് 37 വര്‍ഷം തടവ്

Advertisement

കോട്ടയം. വിതുര  സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസിലെ ഒന്നാമതായി രജിസ്റ്റര്‍ചെയ്ത കേസിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പറഞ്ഞത്. നേരത്തേ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലില്‍ കഴിയുകയാണ്.

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസിലെ ശിക്ഷ 13-ന് പ്രഖ്യാപിക്കും. ഈ മൂന്ന് കേസില്‍ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍മതി. നിലവില്‍ അനുഭവിച്ചുവരുന്ന ശിക്ഷാകാലാവധി ഈ കേസിലും ശിക്ഷയായി പരിഗണിക്കും. അന്യായമായി തടഞ്ഞുവെച്ചതിന് ഒരുവര്‍ഷം, പത്ത് ദിവസത്തിനുമേല്‍ തടഞ്ഞുവെച്ചതിന് മൂന്നുവര്‍ഷം, വില്‍പ്പന നടത്തിയതിന് 10 വര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിയതിന് 10 വര്‍ഷം, വ്യഭിചാരശാല നടത്തിയതിന് മൂന്നുവര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 14,000 രൂപ പിഴ അടയ്ക്കണം. തുക ഇരയായ പെണ്‍കുട്ടിക്ക് കൈമാറണം.

ഇരയ്ക്കുള്ള നഷ്ടപരിഹാരത്തുക ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് തീരുമാനിക്കുക. തുക നിശ്ചയിക്കാന്‍ അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. നേരത്തേ ശിക്ഷ വിധിച്ച കേസില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് കോടതി അനുവദിച്ചിരുന്നു. ആ കേസില്‍ ഒന്നാംപ്രതി സുരേഷിനെ 24 വര്‍ഷമാണ് ശിക്ഷിച്ചത്. ഈ ശിക്ഷയാണ് ഇപ്പോള്‍ സെന്‍ട്രന്‍ ജയിലില്‍ പ്രതി അനുഭവിച്ചുവരുന്നത്. പ്രതികളായ സുരേഷ്, ഉദയചന്ദ്രന്‍, ചന്ദ്രന്‍നായര്‍, ഒ സി കുട്ടന്‍ എന്നിവരാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. മറ്റൊരു പ്രതിയായ ജി മോഹനന്‍ മരിച്ചു.

1995-ല്‍ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ, അകന്ന ബന്ധുവായ യുവതി വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിന് കൈമാറുകയും, 1996 ജൂലായ് വരെ എട്ടുമാസത്തിലേറെ സംസ്ഥാനത്തിനകത്തും പുറത്തും നിരവധിപേര്‍ക്ക് കൈമാറി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ ഹാജരായി.

ALSO READ:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here