Home News Kerala സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം… ജയി ജയകുമാര്‍ ആറ് പേരിലൂടെ വീണ്ടും ജീവിക്കും

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം… ജയി ജയകുമാര്‍ ആറ് പേരിലൂടെ വീണ്ടും ജീവിക്കും

Advertisement

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശിയായ ജയി ജയകുമാറിന്റെ(35) ഹൃദയം, രണ്ട് വൃക്ക, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജയിയ്ക്ക് മസ്തിഷ്‌കമരണം സംഭവിച്ചത്. ജയിയുടെ ഹൃദയം തിരുവനന്തപുരത്ത് നിന്നും എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ചു. ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനി 14 വയസുകാരിയിലാണ് ജയിയുടെ ഹൃദയം ഇനി മിടിക്കുക.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.47ഓടെയാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 2.42നോടെ ഹെലികോപ്റ്റര്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ലാന്‍ഡ് ചെയ്തു. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് ഹൃദയം മിനിറ്റുകള്‍ക്കുള്ളില്‍ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഇന്ന് വൈകുന്നേരം 4.05ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിലാണ് ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്ന വൃക്ക, ഉടന്‍ തന്നെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രോഗിയില്‍ വെച്ചുപിടിപ്പിക്കും.

ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ഒഫ്ത്താല്‍ മോളോജിയിലെയും രോഗികള്‍ക്കാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികള്‍ ഏകോപിപ്പിച്ചത്. രണ്ടുമാസത്തിനിടെ കേരളത്തില്‍ നടക്കുന്ന ആറാമത്തെ അവയവദാനമാണിത്. തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ജയി ജയകുമാര്‍. ഇന്നലെ കിംസ് ആശുപത്രിയില്‍ വെച്ചാണ് ജയിയ്ക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഏഴ് വയസുള്ള പൃഥ്വിഷ് ആണ് മകന്‍. അച്ഛന്‍ ജയകുമാര്‍, അമ്മ അംബിക ജയകുമാര്‍. സഹോദരി ജയു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here