Home News Breaking News സോഫ്റ്റ്‌വെയർ ഇടപാടിലെ അഴിമതി : മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

സോഫ്റ്റ്‌വെയർ ഇടപാടിലെ അഴിമതി : മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Advertisement

ആലപ്പുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വാട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ കളിയാക്കുകയും സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി വാസവൻ പറഞ്ഞത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണം.

മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേൺ അടിക്കുകയും ആയിരുന്നു മുഖ്യമന്ത്രിയുടെ രീതി. സ്പ്രിംഗ്ലർ മുതൽ ബ്രുവറിസ് , ആഴക്കടൽ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും തുറന്നുകാട്ടിയപ്പോൾ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനുമാണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്.എന്നാൽ സകല ഇടപാടുകളിൽ നിന്നും അവസാനം നാണംകെട്ട് യൂടേൺ അടിക്കേണ്ടി വന്നു.

ടി സി എസ് അടക്കമുള്ള സോഫ്റ്റ്‌വെയർ ഭീമന്മാരെ കേരളത്തിൽ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികൾക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയിൽ നിബന്ധനകൾ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയെക്കാൾ നാലിരട്ടി തുക ക്വാട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കൺസോർഷ്യത്തിന് അനധികൃതമായി കരാർ നൽകാനുള്ള നീക്കമായിരുന്നു സർക്കാരിന്റേത്.

പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ പ്രത്യേക അനുമതിയോടെ നടപടികൾ പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം.സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ഒരു ഉളുപ്പുമില്ലാതെ പറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭരണത്തിന്റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. ഇത് നടന്നിരുന്നെങ്കില്‍ ഏതാണ്ട് 550 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമായിരുന്നു’ – രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here