ഫിറ്റ്നസ് ട്രെയ്നറായ യുവതിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം പാറശാലയില്‍ ആണ് സംഭവം. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്നസ് ട്രെയിനര്‍ ആയ കാവ്യയ്ക്കാണ് നെഞ്ചിലും തലയ്ക്കു പിന്നിലും കുത്തേറ്റത്.
Also Read
രാവിലെ പത്തു മണിയോടെ ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജിമ്മില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്തു കയറി കാവ്യയെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് കാവ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ആംബുലന്‍സ് വിളിച്ച് കാവ്യയെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു.
കാവ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത അശ്വന്ത് താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അശ്വന്തിനു കാവ്യയോടുള്ള വൈരാഗ്യത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നു പാറശാല പൊലീസ് പറഞ്ഞു.






























