തിരുവനന്തപുരം: വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് ആണ് മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ? എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളും അത് പാലിക്കപ്പെട്ടുവെന്നുമുള്ള പോസ്റ്റാണ് മുഖ്യമന്ത്രി ഇട്ടിരിക്കുന്നത്. വിഴിഞ്ഞം, ദേശീയപാത, പട്ടയവിതരണം, ലോഡ്ഷെഡിങ് ഇല്ലാത്ത കേരളം, മുടങ്ങാത്ത ക്ഷേമപെന്‍ഷന്‍, സ്ത്രീസുരക്ഷ തുടങ്ങി എല്ലാ കാര്യങ്ങളും നിരത്തിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നേരിട്ടൊരു സംവാദം ഉണ്ടാകുമോ എന്ന ആകാംഷയാണ് ഈ പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംവാദത്തിന് ക്ഷണിച്ചാല്‍ പോര, സമയവും തീയതിയും തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് അവിടെ എത്തുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.






























