കൊച്ചി. വടുതലയിൽ അമ്മയും മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മകന്റെ ചികിത്സക്കായി രണ്ട് മാസം മുൻപ് കൊച്ചിയിലെത്തിയ കുടുംബമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭർത്താവിന്റെ കുടുംബത്തിന്റെ കുറ്റപ്പെടുത്തലാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
തിരുവനന്തപുരം വിളപ്പിൽശാല കാരാട് സ്വദേശി അശ്വതി നായർ, അമ്മ ശ്രീകുമാരി, രണ്ടും അഞ്ചും പതിനാല് വയസും പ്രായമുള്ള കുട്ടികളുമാണ് മരിച്ചത്. വടുതലയിലെ വീട്ടിൽ രണ്ട് മാസം മുൻപാണ് കുടുംബം വാടകയ്ക്ക് താമസം തുടങ്ങിയത്. കുട്ടികളിൽ ഒരാളുടെ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിയതാണ് കുടുംബം. രണ്ട് ദിവസമായി വീട്ടിൽ അനക്കമൊന്നും കാണാതായതോടെ വീടുടമയുടെ ബന്ധു ഇന്ന് രാവിലെ അന്വേഷിച്ചെത്തി. വീടിനുള്ളിൽ ഫാനിൽ അശ്വതിയുടെ മൃതദേഹം കണ്ടതോടെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു മുറിയിൽ അമ്മ ശാന്തകുമാരിയുടെ മൃതദേഹവും കട്ടിലിൽ കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി.
കരൾ രോഗബാധിതനായ അശ്വതിയുടെ ഭർത്താവ് രണ്ട് മാസം മുൻപ് ജീവനൊടുക്കി. ഇതിന് കാരണക്കാരി താനാണെന്ന് ഭർത്താവിന്റെ കുടുംബം കുറ്റപ്പെടുത്തിയെന്നും തുടർന്നുണ്ടായ മാനസിക സംഘർഷങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ.
കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. പോസ്റ്റ് മോർട്ടത്തിലൂടെ മരണത്തിൽ വ്യക്തത വരുത്തിയശേഷമാകും പൊലീസിന്റെ തുടർ നടപടികൾ. അശ്വതിയുടെ ഭർത്താവിന്റെ ബന്ധുക്കളെയടക്കം മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും































