കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്നത്. തലശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് രാവിലെ പതിനൊന്നിന് പിണറായി വിജയൻ പത്രിക നൽകിയത്.പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളാണ് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത്.മുഖ്യമന്ത്രിയുടെ
ചീഫ് ഇലക്ഷ്ൻ ഏജൻ്റ് പി ശശി, സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, സി പി ഐ നേതാവ് സിഎൻ ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇതോടെ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന പ്രമുഖരിൽ ആദ്യത്തെ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി.
ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇടത് കോട്ടയായ ധർമ്മടത്ത് കഴിഞ്ഞ രണ്ട് തവണയും നേടിയതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാൽ ഭരണ വിരുദ്ധവികാരം മുൻനിർത്തി മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കാനായിരിക്കും യുഡിഎഫ് ശ്രമം. മുഖ്യമന്തിക്ക് വോട്ടിൽ കുറവുണ്ടായാൽ അത് ജയിക്കുന്നതിന് തുല്യമെന്ന തരത്തിലാകും യുഡിഎഫ് കണക്കുകൂട്ടൽ. 50123 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ പിണറായി വിജയൻ സ്വന്തമാക്കിയത്.


































