ന്യൂഡൽഹി: വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകുകയായിരുന്നു. അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരൻ, രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടക്കും.
തർക്കങ്ങൾക്കിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സുധാകരനും അടൂർ പ്രകാശും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുധാകരൻ്റെ തുടർനീക്കം എന്തായിരിക്കും എന്നതിലാണ് ആകാംക്ഷ.
കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് തുടരുന്ന കെ സുധാകരൻ്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻ്റിന് കത്തയച്ചിരുന്നു. പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാൻ്റ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും ആയിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പ്രതികരണം. എന്നാൽ സുധാകരൻ പിടിവാശി തുടരുന്നതിനാൽ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതാക്കൾ.




































