Home News Breaking News സുധാകരനെ ‘കൈ’ക്കൊണ്ട് കോണ്‍ഗ്രസ്,അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല,കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനെന്ന് ബെന്നി ബെഹനാന്‍

സുധാകരനെ ‘കൈ’ക്കൊണ്ട് കോണ്‍ഗ്രസ്,അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല,കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനെന്ന് ബെന്നി ബെഹനാന്‍

Advertisement

തിരുവനന്തപുരം. നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സിപിഎം വിട്ട മുന്‍മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്‍ മത്സരത്തിനായി രംഗത്തെത്തിയതെന്ന അഭ്യൂഹം നിലനിന്നിരുന്നു. യുഡിഎഫ് നേതാക്കള്‍ ജി സുധാകരനുമായി ആശയവിനിമയം നടത്തുകയും, പിന്തുണ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ:

ജി സുധാകരന് നിരുപാധിക പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവായ എം ലിജുവാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. സിപിഎമ്മിന്റെ എച്ച് സലാമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സലാം വിജയിച്ചത്. സുധാകരന്‍ കാലുവാരിയതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്ന ആരോപണം വലിയ വിവാദമായി മാറിയിരുന്നു.

 ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി. സിപിഎമ്മിന്റെ കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്‍. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ആ പാര്‍ട്ടിക്കുണ്ടായ അപചയവും ജീര്‍ണതയും വ്യക്തമാക്കുന്നതാണ്. ജീര്‍ണത ബാധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സുധാകരന്‍ ഒരു തീരുമാനമെടുത്തപ്പോള്‍, രാഷ്ട്രീയത്തിനതീതമായി നമ്മുടെ നാടിനു വേണ്ടി പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളുടെ തീരുമാനം മനസ്സിലാക്കും. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണ്. ആ തീരുമാനം പ്രാദേശിക ഘടകങ്ങളെ ബോധ്യപ്പെടുത്തും. പ്രാദേശിക വികാരം മാത്രമല്ല ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്‌നം. സുധാകരനെ പിന്തുണയ്ക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവര്‍ എങ്ങോട്ടു പോകുമെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ പാര്‍ട്ടിയില്‍ നില്‍ക്കും. ഒരാള്‍ക്ക് വേണ്ടിയിട്ടല്ലല്ലോ സ്ഥാനാര്‍ത്ഥിത്വം എന്നു പറയുന്നത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here